കുരുന്നുജീവനുകൾ
എന്തുപാപം ചെയ്തീക്കുരുന്നുകൾ-
ഇത്രമേൽ പിടഞ്ഞൊടുങ്ങുവാനീമണ്ണിൽ?
എന്തിനായ് ചവിട്ടിയരയ്ക്കുന്നു പിഞ്ചു-
ടലുകൾ
കുഞ്ഞുറുമ്പുകളെയെന്നപോൽ?
എന്തുതെറ്റുകൾ ചെയ്തവർ ക്ഷമയെന്ന,
ഇറ്റുകണികപോലുമേകാതിരിക്കുവാൻ?
ഒരു മുഷ്ട്ടിക്കുള്ളിലൊതുക്കി
യുടയ്ക്കുവാൻ,
കേവലമായ് തീർന്നുവോ കുഞ്ഞുജീവനുകളിന്ന്!!
ഓരോ പ്രഹരങ്ങളേൽപ്പിക്കും വേദനകൾ-
അലറിക്കരഞ്ഞുതീർക്കുവതിനാലോ,
ഹൃദയത്തിൽ ഭയകണംനിറച്ചൊടുവിൽ-
രഹസ്യങ്ങൾപലതും പരസ്യമാക്കുമെന്നതിനാലോ?
പറയൂ നീ നരജന്മമോ, മാനുഷാ,
എന്തിനുനീ കുരുന്നുജന്മങ്ങളെ
കശക്കിയെറിയുന്നു?
പറയൂ സ്ത്രീയേ നീ,
അമ്മയെന്നപേരിനിപ്പോഴും അർഹയോ?
കണ്ണടച്ചിനിയുമിരുട്ടാക്കാതെ,
കൺതുറക്കൂ ഭരണകർത്താക്കളേ
ഇനിയെങ്കിലും...
കൺതുറക്കൂ നിയമങ്ങളേ ഇനിയെങ്കിലും...
ഇനിയുമുണ്ട് കുഞ്ഞുമനസുകൾ നമുക്കിടയിലിനിയും,
ഭാവിയുടെ വാക്ദാനങ്ങളായ്
വാർത്തെടുക്കുവാൻ...
നന്മയും സ്നേഹവും കരുതലും കാവലും നൽകി
നാളെയുടെ പ്രതിഭകളെ
വളർത്തിയെടുക്കുവാൻ...
- ജിതു
09/04/2019
